തിരുവനന്തപുരം: ആറളം ഫാമിലെ ആനമതിലിന്റെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വനം മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
വന്യമൃഗങ്ങൾ ഒളിച്ചിരിക്കുന്നതു തടയാൻ കാടുകയറിക്കിടക്കുന്ന ഭാഗങ്ങളിലെ അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റും. സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും. കാട്ടിലേക്ക് തിരികെ കയറ്റിവിട്ട ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് വരാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും.
ഏറ്റവും ക്രിട്ടിക്കൽ ആയ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളെ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കും. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കണ്ണൂർ ജില്ലാ കളക്ടർ ആഴ്ചതോറും കാര്യങ്ങൾ വിലയിരുത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.
മന്ത്രിമാരായ സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, കെ.എ. തുളസി, മോൻസ് ജോസഫ്, വകുപ്പ് സെക്രട്ടറിമാർ, കണ്ണൂർ ജില്ലാ കളക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.